രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് വിമർശനങ്ങളുടെ നടുവിലാണ്. ഡൽഹിക്കെതിരെയുള്ള സൂപ്പർ ഓവറിൽ ഫോമിലുള്ള നിതീഷ് റാണയെ ഇറക്കാതെ ഹെറ്റ്മെയറിനെയും പരാഗിനെയും ഇറക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 28 പന്തിൽ 51 റൺസടിച്ച റാണയെ ബെഞ്ചിലിരുത്തി സ്റ്റാർക്കിന് മുന്നിൽ പകച്ച ഹെറ്റ്മെയറിനെ എന്തിന് ബാറ്റിംഗിനയച്ചു എന്നാണ് വിമർശനം. 11 റൺസ് മാത്രമാണ് സൂപ്പർ ഓവറിൽ നേടാനായത്. പരാഗും ജയ്സ്വാളും റണ്ണൗട്ടാവുകയും ചെയ്തു. സ്റ്റബ്സും കെ.എൽ രാഹുലും ചേർന്ന് ഡൽഹിയെ നാലാം പന്തിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു.
ഇതിനിടെ രാജസ്ഥാന്റെ തീരുമാനത്തിൽ അത്ഭുതപ്പെട്ടുവെന്ന് മത്സര ശേഷം സ്റ്റാർക്കും അഭിപ്രായപ്പെട്ടു. “ഞാൻ പന്തെറിയാനെത്തിയപ്പോൾ ഇടം കൈയൻ ബാറ്റർമാരാണ് വന്നത്. ഇതെന്നെ അത്ഭുതപ്പെടുത്തി. കാരണം എനിക്ക് പന്ത് അകത്തേക്ക് ആംഗിൾ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു”.
അതേസമയം ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേലും രാജസ്ഥാന്റെ തീരുമാനത്തെ പരിഹസിച്ചു. “ഞാൻ വിചാരിച്ചു
സൂപ്പർ ഓവറിൽ യശസ്വി ജയ്സ്വാൾ ആദ്യമേ ഇറങ്ങുമെന്നായിരുന്നു. എന്തായാലും, സംഭവിച്ചത് നമുക്ക് നന്നായി”. ചിരിയോടെ അക്സർ പറഞ്ഞു. ബുദ്ധിശൂന്യമായ നീക്കമെന്നായിരുന്നു ഷെയ്ൻ വാട്സൺ രാജസ്ഥാൻ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.