ന്യൂഡൽഹി: അടുത്ത വാരം യു എസ് സന്ദർശത്തിനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏപ്രിൽ 21, 22 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്തുകയും ഫാക്കൽറ്റി അംഗങ്ങളുമായും വിദ്യാർത്ഥികളുമായും സംവദിക്കുമെന്നും കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
റോഡ് ഐലൻഡ് സന്ദർശിക്കുന്നതിന് മുമ്പ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ എൻആർഐ സമൂഹത്തിലെ അംഗങ്ങളുമായും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഭാരവാഹികളുമായും അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും പവൻ ഖേര അറിയിച്ചു.
ഇതിനുമുൻപ് രാഹുലിന്റെ അടിക്കടിയുള്ള വിദേശ സന്ദർശനങ്ങളും പാർലമെന്റിലെ പ്രധാന അവസരങ്ങളിൽ കോൺഗ്രസ് നേതാവിന്റെ അസാന്നിധ്യവും നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശത്തുപോയി ഭാരതത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന കോൺഗ്രസ് നേതാവിന്റെ പതിവ് ശൈലി ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്തുവന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിനുപിന്നാലെ ദുഃഖാചരണവേളയിൽ പുതുവർഷം ആഘോഷിക്കാൻ രാഹുൽ വിയറ്റ്നാമിലേക്ക് പറന്നതും വിവാദമായി മാറി.
Leave a Comment