പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റർ എന്ന നിലയിൽ നിന്നും ബാബർ അസമിന്റെ പതനം വളരെപ്പെട്ടെന്നായിരുന്നു. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തിയിരുന്ന ബാബർ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു അന്താരാഷ്‌ട്ര സെഞ്ച്വറി പോലും നേടിയിട്ടില്ല. മോശം ഫോം കാരണം ബാബറിനെ പാകിസ്താൻ ടീമിൽ നിന്ന് രണ്ടുതവണ പുറത്താക്കി. ഇംഗ്ലണ്ടിനെതിരെ സ്വന്തം മൈതാനത്ത് നടന്ന അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീമിൽ നിന്നും അടുത്തിടെ നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.
പിഎസ്എല്ലിൽ കറാച്ചി കിങ്‌സ് താരമായിരുന്ന ബാബറിനെ മൂന്നാം നമ്പറിൽ കളിയ്‌ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രാഞ്ചൈസിയും കൈവിട്ടു. തുടരെ തിരിച്ചടികൾ നേരിട്ടിട്ടും വിട്ടുവീഴ്ചകൾക്ക് തയാറാകാത്ത ബാബറിന് ഉപദേശവുമായെത്തിയിരിക്കുകയാണ് മുൻ പാക് തരാം സഹീർ അബ്ബാസ്. ഫോമിലേക്ക് തിരിച്ചെത്തണമെങ്കിൽ ബാബർ അഹങ്കാരം മാറ്റിവച്ച് മുതിർന്ന താരങ്ങളിൽ നിന്നും നിർദേശങ്ങൾ തേടണമെന്ന് സഹീർ അബ്ബാസ് പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ താൻ ഇത്തരത്തിൽ സഹായിച്ചിട്ടുള്ള ഒരു സാഹചര്യവും സഹീർ വെളിപ്പെടുത്തി.
“ഒന്നുകിൽ ബാബറിന് ഒരു ഈഗോ പ്രശ്‌നമുണ്ടായിരിക്കാം അല്ലെങ്കിൽ നിലവിലെ സാഹചര്യം മറികടക്കാൻ മുതിർന്നവരിൽ നിന്ന് ഉപദേശം തേടാൻ അയാൾക്ക് നാണക്കേടായിരിക്കും” സഹീർ ക്രിക്കറ്റ് പാകിസ്താന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു വശത്ത് ബാബർ മോശം ഫോമിൽ തുടരുമ്പോൾ മറുവശത്ത് പാകിസ്താനും തുടർ തോൽവികളിൽ നിന്ന് കരകയറാനായിട്ടില്ല. 2023 ലെ ഐസിസി ഏകദിന ലോകകപ്പ്, 2024 ലെ ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. അടുത്തിടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 4-1ന് തോറ്റ ടീം, ഏകദിന പരമ്പരയിലും 3-0 ന്റെ തോൽവി ഏറ്റുവാങ്ങി.