കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ അഞ്ജൻ കുമാർ യാദവ്. ഹൈദരാബാദിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിന് പുറത്ത് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) നടത്തിയ പ്രതിഷേധതിനിടെയായിരുന്നു സംഭവം.
തെലങ്കാനയിലെ സിറ്റിംഗ് എംപി അനിൽ കുമാർ യാദവിന്റെ പിതാവാണ് അഞ്ജൻ കുമാർ യാദവ്. പ്രതിഷേധത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് കേന്ദ്രമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തുകയും അധിക്ഷേപകരമായ വാക്കുകൾ പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ്‌ക്കും രാഹുലിനുമെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായാണ് തെലങ്കാന സർക്കാരിന്റെ നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിലവിൽ ജപ്പാനിൽ ഔദ്യോഗിക സന്ദർശനത്തിലായതിനാൽ, മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ഒപ്പം ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംഭവത്തെത്തുടർന്ന്, അഞ്ജൻ കുമാർ യാദവിനെതിരെ ബിജെപി സൈഫാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാമർശങ്ങൾ പ്രസ്താവന അങ്ങേയറ്റം അവഹേളനപരവും അധിക്ഷേപകരവുമാണെന്ന് ബിജെപി പറഞ്ഞു. ബിജെപി തെലങ്കാന ബിജെപിയുടെ സോഷ്യൽ മീഡിയ കൺവീനർ സുമിരൻ കൊമർരാജുവാണ് പരാതി നൽകിയത്. പരാതിയിൽ പൊലീസിനോട് ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.















