കണ്ണൂർ: അദ്ധ്യാപകർ ചോദ്യപേപ്പർ വാട്ട്സ്ആപ്പ് വഴി ചോർത്തിയെന്ന് കാട്ടി പൊലീസിൽ പരാതി നൽകി കണ്ണൂർ സർവകലാശാല. കാസർഗോഡ് ബേക്കലിലെ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചോദ്യപേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വൈസ് ചാൻസലർ സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.
ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർത്തിയത്. അതീവ രഹസ്യസ്വഭാവത്തിൽ ഇമെയിൽ ആയി പ്രിൻസിപ്പലിന് നൽകിയ ചോദ്യപേപ്പറുകളാണ് അദ്ധ്യാപകർ വാട്ട്സ് ആപ്പ് വഴി വിദ്യാർത്ഥികൾക്ക് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയായിരുന്നു പരീക്ഷ നടന്നത്. ഏപ്രിൽ 2 ന് സർവകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് സാധാരണഗതിയിൽ സർവകലാശാല ചോദ്യപേപ്പറുകൾ കോളേജുകൾക്ക് നൽകുന്നത്. പ്രിൻസിപ്പലിന് മാത്രം ആക്സസ് ഉള്ള ഒരു പ്രത്യേക ഇമെയിൽ ഐഡിയിലേക്കാണ് ചോദ്യപേപ്പർ അയച്ചുനൽകുക. ഇത് അച്ചടിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇങ്ങനെ നൽകിയ ചോദ്യപേപ്പറാണ് ചോർന്നത്. സംഭവത്തിൽ ബേക്കൽ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും സർവകലാശാല പരാതി നൽകിയിട്ടുണ്ട്. ക്രമക്കേട് നടന്ന കോളേജിലെ പരീക്ഷ കേന്ദ്രങ്ങൾ മുഴുവനായും കാസർഗോഡ് ഗവൺമെന്റ് കോളേജിലേക്ക് മാറ്റുകയും ചെയ്തു.















