അവധിക്കാലം ആഘോഷമാക്കാൻ തിയേറ്ററുകളിലെത്തി മമ്മൂട്ടി ചിത്രം ബസൂക്ക ബോക്സോഫീസിൽ മിന്നിയോ? റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്ഇതുവരെ മുടക്കുമുതൽ പോലും ചിത്രത്തിന് നേടാനായില്ല എന്നതാണ്. 28 കോടി രൂപ ബജറ്റിലാണ് ഡീനോ ഡെന്നീസ് ഗെയിം ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ പ്രേക്ഷകർ കൈവിട്ടെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ചിത്രം തിയേറ്ററിലെത്തി 9 ദിവസമാകുമ്പോൾ 12.03 കോടി രൂപ മാത്രമാണ് കളക്ട് ചെയ്തതെന്ന് സാക്ക് നിൽക് കണക്കുകൾ വ്യക്തമാക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, ഭാമ അരുൺ, ഐശ്വര്യ മേനോൻ, ഹക്കീം ഷാജഹാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.
അതസേമയം ബസൂക്കയ്‌ക്ക് ഒപ്പം റിലീസിനെത്തിയ ഖാലീദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന 27.83 കോടി രൂപയാണ് ഇതുവരെ നേടിയത്. നാസ്ലെൻ, ഗണപതി, അനഘ രവി തുടങ്ങി നിരവധ യുവതാരങ്ങൾ അണിനിരന്ന ചിത്രം ആക്ഷൻ കോമഡി എന്റർടൈനർ എന്ന ലേബലിലാണ് എത്തിയത്. അതേസമയം ഡാർക്ക് കോമഡി ജോണറിലെത്തിയ ബേസിൽ ജോസഫിന്റെ മരണ മാസും കളക്ഷനിൽ മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി. 13.1 കോടി രൂപയാണ് ഇതുവരെ നേടിയത്. ശിവപ്രസാദ് ആണ് സംവിധാനം. നടനായ സിജു സണ്ണിയും സംവിധായകനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ, സിജു സണ്ണി, രാജേഷ് മാധവൻ, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.