സൂത്രവാക്യം സിനിമയുടെ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വിൻസിയുടെ ആരോപണങ്ങൾ തള്ളി സിനിമയുടെ അണിയറക്കാർ. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും വ്യക്തമാക്കി. സിനിമയിൽ ആർക്കാണ് പ്രശ്നങ്ങൾ അറിയാവുന്നതെന്ന് വിൻസി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് റെജിൻ എസ് ബാബു പറഞ്ഞു.
സിനിമയുടെ സംവിധായകൻ അടക്കം ആർക്കും ഇങ്ങനെ ഒരു വിഷയം അറിയില്ലായിരുന്നു. വിൻസിക്ക് പരിചയമുള്ള സെറ്റിലെ ആരോടെങ്കിലും പറഞ്ഞു കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഷൈനിനെകൊണ്ട് സിനിമയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ചിത്രീകരണത്തിനായി രണ്ട് ദിവസം കൂടുതല്‍ തന്നുവെന്നും സംവിധായകനും വ്യക്തമാക്കി. ഷൈൻ ടോം ചാക്കോയുടെ അറസ്റ്റിന് പിന്നാലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അണിയറ പ്രവർത്തകർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “സിനിമയുടെ ചിത്രീകരണം പൂർത്തിയായത് ഡിസംബറിലാണ്. വിൻസി ഇപ്പോഴാണ് പരാതി പുറത്തു പറയുന്നത്”.
“വാര്‍ത്തകള്‍ വന്നപ്പോള്‍ ഇനി എന്തുചെയ്യും എന്ന് അറിയാതെ നില്‍ക്കുകയാണ്. സിനിമയ്‌ക്കു വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ സെറ്റ് ലഹരി മുക്തമായിരുന്നു. സത്യം പുറത്തുവരാനുള്ള എല്ലാ നടപടിക്കും പൂർണ പിന്തുണയുണ്ട്. ഈ ഒരു പ്രശ്നത്തിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ ക്രൂശിക്കരുത്. സൂത്രവാക്യം സിനിമയിൽ ഐസിസി ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. 21 ന് ഫിലിം ചേംബറുമായി യോഗം ഉണ്ട്”. ഇത് സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുതെന്നും” നിർമാതാവ് ശ്രീകാന്ത് പറഞ്ഞു. ” ഡാന്‍സാഫ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ പൊലീസ് നോട്ടീസ് നൽകി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലും മെഡിക്കൽ പരിശോധയ്‌ക്കും ശേഷം താരത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. നടി ഷൈനിനെതിരെ അമ്മയിലും ചേംബറിലും പരാതി നൽകിയിരുന്നു.















