ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങി ഫ്രാൻസ്. വിമാനങ്ങൾ കൈമാറുന്നതിന്റെ ഭാഗമായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 26 വിമാനങ്ങളാണ് വാങ്ങുന്നത്. ഈ മാസം 28-നാണ് ധാരണയാകുന്നത്. ഇരുരാജ്യങ്ങളിലെയും മുതിർന്ന നേതാക്കൾ കാരറിൽ ഒപ്പുവക്കും.
ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് പുറത്ത് ഒപ്പുവയ്‌ക്കൽ ചടങ്ങുകളുടെ ഭാഗമായി വിപുലമായ പരിപാടി നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഫ്രഞ്ച് പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും. 63,000 കോടിയിലധികം രൂപയുടെ കരാറിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ സാന്നിധ്യത്തിലാണ് ഒപ്പുവെക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിലാണ് റാഫേൽ-മറൈൻ യുദ്ധവിമാനം ഫ്രാൻസിൽ നിന്നും വാങ്ങാൻ തീരുമാനിച്ചത്. ഗവൺമെന്റ്- ടു- ഗവൺമെന്റ് കരാറിന്റെ ഭാഗമാണിത്. ഈ മാസം ആദ്യം ഫ്രാൻസുമായുള്ള കരാറിന് ഇന്ത്യ അംഗീകാരം നൽകിയിരുന്നു.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് നിലവിൽ 36 യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഇന്ത്യ- ഫ്രാൻസ് പുതിയ കരാർ പ്രാവർത്തികമാകുന്നതോടെ വിമാനങ്ങളുടെ എണ്ണം 62 ആയി വർദ്ധിക്കും.















