എറണാകുളം: ട്രാൻസ്ജെൻഡറിന് ക്രൂര മർദ്ദനം. അരൂക്കുറ്റി സ്വദേശിയായ ട്രാൻസ്ജെൻഡറിനാണ് മർദ്ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രാൻസ്ജെൻഡർ ആക്രമിക്കപ്പെട്ടത്.
സംഭവത്തിൽ അരൂക്കുറ്റി സ്വദേശിയായ അക്ഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10. 30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ട്രാൻസ്ജെൻഡർ. ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.
അസഭ്യം പറഞ്ഞുകൊണ്ടാണ് യുവാവ് ട്രാൻസ്ജെൻഡറുടെ സമീപത്തേക്ക് പാഞ്ഞടുത്തത്. നിന്നെ പോലുള്ള ആളുകളെ കണ്ടാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും വെട്ടിക്കൊല്ലുമെന്നും പറഞ്ഞായിരുന്നു മർദ്ദനം. സ്ഥലത്ത് നിന്ന് പോകാൻ ശ്രമിക്കുന്നതിനിടെ യുവാവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ട്രാൻസ്ജെൻഡറിന് സാരമായി പരിക്കേറ്റിട്ടുണ്ട്.















