പൂനെ: ഡോക്ടർ വൈദ്യസഹായം നിഷേധിച്ചതിനെത്തുടർന്ന് പൂർണ ഗർഭിണി മരിച്ചു. പ്രസവമെടുക്കണമെങ്കിൽ ആശുപത്രിയിൽ മുൻകൂറായി 10 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ആവശ്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സുശ്രുത് ഗൈസസിനെതിരെ പൊലീസ് കേസെടുത്തു.
തനിഷ ഭിസേ എന്ന യുവതിയാണ് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഭിസെയെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതർ 10 ലക്ഷം രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. കുടുംബത്തിന് ഉടൻ തുക നൽകാൻ കഴിയാത്തതിനാൽ ചികിത്സയും ലഭിച്ചില്ല. അഞ്ച് മണിക്കൂർ വൈകി. തനിഷയുടെ നില വഷളായതോടെ, അവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയെങ്കിലും അമിത രക്തസ്രാവം മൂലം യുവതി മരിച്ചു.
യുവതി പ്രസവിച്ച സസൂൺ ആശുപത്രിയാണ് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് പൊലീസിന് നൽകിയത്. തനിഷയുടെ മുഴുവൻ മെഡിക്കൽ രേഖകളും കൈവാഹം ഉണ്ടായിരുന്നിട്ടും ഡോക്ടർ ഗൈസസും സംഘവും ഗർഭിണിക്ക് അടിയന്തര ചികിത്സ നൽകുന്നത് നിഷേധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കുറ്റാരോപിതനായ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നിയമസഭാംഗം അമിത് ഗോർഖെ ആവശ്യപ്പെട്ടു















