തിരുവനന്തപുരം: നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയതായി കണ്ടെത്തി, ദിവസവും വാഹന നമ്പരും ചെല്ലാന്‍ നമ്പരുമടങ്ങിയ ഒരു വാട്സാപ്പ് സന്ദേശം. ഫോട്ടോയടക്കം കാണാനും പിഴയടയ്‌ക്കാനുമായി കൂടെ ഒരു ലിങ്കും. പെട്ടെന്ന് നിങ്ങളുടെ വാട്സാപ്പിലേക്ക് ഇങ്ങനെയൊരു സന്ദേശം വരികയാണെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യരുതെന്ന് അറിയിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
സന്ദേശത്തിന്‍റെ സത്യാവസ്ഥയെന്താണെന്ന് അറിയാതെ ലിങ്കില്‍ കയറിയ യുവാവിന്റെ 20,000 രൂപ നഷ്ടമായി. എറണാകുളം സ്വദേശിക്കാണ് ക്രെഡിറ്റ് കാർഡിലൂടെ പണം നഷ്ടമായത്. ഏപ്രിൽ 11-ന് രാവിലെ 11 മണിക്ക് ‘നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തി. ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യൂ’ എന്ന ഒരു സന്ദേശമെത്തി. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. എംവിഡിയുടെ ലോഗോ ആയിരുന്നു വാട്സപ്പ് ഡിപി.
വാട്സാപ്പ് സന്ദേശം കണ്ട യുവാവ് ശരിയായിരിക്കും എന്നു കരുതി അതില്‍ കണ്ട ലിങ്കില്‍ കയറി. ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്‌ക്കണമെന്ന സന്ദേശം ലഭിച്ചു. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിപ്പ്. ഇതോടെ ഇത് പന്തിയല്ലെന്ന് തോന്നി യുവാവ് പണമടച്ചില്ല. പക്ഷേ പണി പാളിയത് അവിടെയല്ല, ഡൗണ്‍ലോഡ് ചെയ്ത ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിട്ടുപോയി.
ഇടയ്‌ക്കെപ്പോഴോ സ്വന്തം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇയാള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്തു. തൊട്ടുപിന്നാലെ എത്തി അടുത്ത സന്ദേശം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതനുസരിച്ച് നോക്കിയപ്പോള്‍ കാര്‍ഡുപയോഗിച്ച് പണം മറ്റൊരോ എടുത്തിട്ടുണ്ട്. സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്. പിന്നാലെ യുവാവ് കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ പണം പോയി.
ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തിട്ടുണ്ട്. കാത്തിരിക്കാനാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നുമില്ല. പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
മോട്ടോർ വാഹനവകുപ്പിന്‍റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹന നമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. പണമടയ്‌ക്കാനുള്ള ലിങ്ക് വാട്സാപ്പിലേക്ക് അയയ്‌ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ലെന്നാണ് വിവരം. ഇത്തരം സന്ദേശങ്ങൾ തുറന്നുനോക്കരുത് എന്ന നിര്‍ദേശം മുന്‍പും എംവിഡി നല്‍കിയിട്ടുണ്ട്.