കറാച്ചി: പാകിസ്താനിലെ സിന്ധിൽ ഹിന്ദു മന്ത്രിക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. മതകാര്യ സഹമന്ത്രി ഖേൽ ദാസ് കോഹിസ്ഥാനിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ പ്രവിശ്യയിലെ ജലസേചന കനാൽ പദ്ധതികളെ എതിർക്കുന്ന പ്രതിഷേധക്കാരാണ് ആക്രമണം നടത്തിയത്. വാഹനവ്യൂഹം പ്രവിശ്യയിലൂടെ കടന്നുപോകുമ്പോൾ പ്രതിഷേധക്കാർ ഉരുളക്കിഴങ്ങും തക്കാളിയും എറിയുകയായിരുന്നു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാരിലെ മന്ത്രിയാണ് ഖേൽ ദാസ് കോഹിസ്ഥാനി. കൊഹിസ്ഥാനിക്കെതിരായ ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകി. “ജനപ്രതിനിധികൾക്കെതിരായ ആക്രമണം അംഗീകരിക്കാനാവില്ല. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് മാതൃകാപരമായ ശിക്ഷ നൽകും,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
മറ്റ് രാജ്യങ്ങളോട് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്ന പാകിസ്താൻ സ്വന്തം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ വളരെ മോശം റെക്കോർഡ് പുലർത്തുന്ന സമയത്താണ് കൊഹിസ്ഥാനിക്കെതിരായ ആക്രമണം ഉണ്ടാകുന്നത്. പാകിസ്താനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നിരവധി ആളുകളെ നിരന്തരം പീഡിപ്പിക്കുകയും നിർബന്ധിതമായി മതപരിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.