അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള ഭാഗ്യം ലഭിച്ചത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനായിരുന്നു. കഴിഞ്ഞ ദിവസമാണ് വാൻസും ചില ഉദ്യോഗസ്ഥരും വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചത്. മാർപാപ്പയുടെ വിയോഗവാർത്ത വളരെയധികം ഞെട്ടലുണ്ടാക്കിയതെന്ന് വാൻസ് എക്സിൽ കുറിച്ചു.
“ഫ്രാൻസിസ് മാർപാപ്പയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വിഷമത്തിൽ ഞാൻ പങ്കുച്ചേരുന്നു. ഇന്നലെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം വളരെയധികം ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”- വാൻസ് എക്സിൽ കുറിച്ചു.
മാർപാപ്പയുമായി ചർച്ച നടത്താനുള്ള ഭാഗ്യവും വാൻസിനുണ്ടായി. വത്തിക്കാൻ ഹോട്ടലിലെ സ്വീകരണ മുറിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മക്കൾക്കായി ഈസ്റ്റർ സമ്മാനവും മാർപാപ്പ നൽകിയിരുന്നു. പരസ്പരം ഈസ്റ്റർ ആശംസകൾ കൈമാറിയാണ് വാൻസും മാർപാപ്പയും പിരിഞ്ഞത്. ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിരുന്നു.