ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോസഞ്ചാരികളുടെ എണ്ണം 26 കടന്നതായി റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒഡിഷ, കർണാടക, മഹാരാഷ്‌ട്ര,ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ആക്രമണത്തിന് ഇരയായത്. ആദ്യഘട്ടത്തിൽ ഒരാൾ മാത്രമാണ് മരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. ഉടനെ തന്നെ കൊല്ലപ്പെട്ടവരുടെ കണക്കുകൾ വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.പരിക്കേറ്റവർ അനന്ദ്നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴുപേർ ഉൾപ്പെടുന്ന സംഘമാണ് വെടിയുതിർത്തതെന്നാണ് സൂചന.
‘‘ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്ക് എതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. സുരക്ഷാ സേനകളുമായി ഉടനെ ചർച്ചകൾ നടത്തും. അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ താഴ്വരയിലെ കുന്നിൻമുകളിലായിരുന്നു ആക്രമണം. സൈനിക വേഷം ധരിച്ചെത്തിയ ഭീകരരാണ് വെടിയുതിർത്തത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ബൈസരൻ പുൽമേട്. കാൽനടയായോ കുതിര സവാരിയിലൂടെയോ മാത്രമേ ഇവിടെ എത്താൻ കഴിയൂ. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.















