ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്ക് പൂർണ പിന്തുണ അറിയിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ നേതാക്കൾ ശക്തമായി അപലപിച്ചു.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പൂർണ പിന്തുണ നൽകുമെന്നും ട്രംപ് അറിയിച്ചു. പഹൽഗാമിൽ ആക്രമണം നടത്തിയവർക്കെതിരെ കടുത്ത ശിക്ഷ നൽകണമെന്നും ഇന്ത്യയ്‌ക്ക് എല്ലാ പിന്തുണയും നൽകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു.
സംഭവത്തിൽ താൻ അതിയായി ദുഃഖിതയാണെന്നും ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. ഞെട്ടിപ്പിക്കുന്നത് എന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പരാമർശിച്ചത്. ജർമനി, ഡെൻമാർക്ക്, യൂറോപ്പ്, ഗയാന, ഇസ്രായേൽ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് ഭീകരാക്രമണം നടന്നത്. ട്രക്കിംഗ് നടത്തുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ ആറംഗ ഭീകരസംഘം വെടിയുതിർക്കുകയായിരുന്നു. ഹിന്ദുക്കളായ പുരുഷന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.