ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്ന് ദിവസങ്ങൾക്ക് മുൻപ് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ഏപ്രിൽ 18 ന് നിരവധി ഭീകര നേതാക്കൾ പങ്കെടുത്ത ഒരു റാലിയിലായിരുന്നു ലഷ്‌കർ-ഇ-തൊയ്ബ നേതാവിന്റെ ആഹ്വനം. പാകിസ്താൻ അധിനിവേശ കശ്മീരിലെ (PoK) റാവൽകോട്ടിലെ ഖൈ ഗാലയിൽ ഇന്ത്യൻ സൈന്യം വധിച്ച രണ്ട് ലഷ്‌കർ തൊയ്ബ ഭീകരരുടെ സ്മരണയ്‌ക്കായാണ് റാലി നടത്തിയത്.
റാലിയിൽ സംസാരിച്ച ജമ്മു കശ്മീർ യുണൈറ്റഡ് മൂവ്‌മെന്റ് (ജെകെയുഎം) എന്നറിയപ്പെടുന്ന ഭീകര സംഘടനയെ നയിക്കുന്ന ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു മൂസ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കുകയും താഴ്‌വരയിൽ ആക്രമണങ്ങൾക്ക് അഴിച്ചുവിടാനും വീഡിയോയിൽ ആഹ്വനം ചെയ്യുന്നു.
“ജനസംഖ്യാശാസ്ത്രം മാറ്റാൻ ഇന്ത്യ ആർട്ടിക്കിൾ 370 ഉം 35A ഉം നീക്കം ചെയ്തു. നിങ്ങൾ നിങ്ങളുടെ 10 ലക്ഷം സൈന്യത്തെ വിന്യസിച്ചു. പുൽവാമ, പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ ‘റാം റാം’ പ്രതിധ്വനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിച്ചു. ലഷ്കർ-ഇ-തൊയ്ബ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. മോദി, നിങ്ങളുടെ അടച്ചിട്ട കോടതിമുറികൾക്കുള്ളിൽ, നിങ്ങൾ നിങ്ങളുടെ ഉത്തരവുകൾ പാസാക്കി. പക്ഷേ യുദ്ധക്കളം മുജാഹിദീനുകളുടേതാണ്. ഒന്ന് ശ്രമിച്ചുനോക്കൂ, ഇൻഷാ അള്ളാ, ഞങ്ങൾ വെടിയുണ്ടകൾ വർഷിക്കും, നിങ്ങളുടെ കഴുത്ത് അറുക്കും, ഞങ്ങളുടെ രക്തസാക്ഷികളുടെ ത്യാഗങ്ങളെ ആദരിക്കും,” ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ച ഒരു വൈറലായ വീഡിയോയിൽ മൂസ പ്രഖ്യാപിച്ചു.
ദീർഘകാലമായി തുടരുന്ന ഓപ്പറേഷൻ ഓൾ-ഔട്ടിൽ ഇന്ത്യൻ സൈന്യം വധിച്ച ആകിഫ് ഹലീം, അബ്ദുൾ വഹാബ് എന്നീ ഭീകരർക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ഒരു സമ്മേളനമായാണ് പരിപാടി നടന്നത്. ഭീകര സംഘടനകൾ ഉൾപ്പെടില്ലെന്ന് അവാമി ആക്ഷൻ കമ്മിറ്റി പരസ്യമായി ഉറപ്പ് നൽകിയിട്ടും, സമ്മേളനം എൽഇടി ഭീകരരുടെ ശക്തി പ്രകടനമായി മാറി. ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിരവധി സജീവ എൽഇടി ഭീകര നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നു, അവരുടെ “രക്തസാക്ഷികളുടെ” മരണങ്ങൾ പരസ്യമായി ആഘോഷിക്കുകയും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിനു ദിവസങ്ങൾക്ക് ശേഷമാണ് പഹൽഗാം ഭീകരാക്രമണം. കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ സമീപ വർഷങ്ങളിൽ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.