ഈ ഐപിഎൽ സീസണിലെ ഏറ്റവും വില കൂടിയ താരമായി ടീമിലെത്തിയിട്ടും മോശം പ്രകടനം തുടർന്ന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 27 കോടിക്കാണ് പന്തിനെ ലഖ്‌നൗവിലെത്തിച്ചത്. ക്യാപ്റ്റൻ സ്ഥാനവും നൽകി. എന്നാൽ പിന്നീടങ്ങോട്ടുള്ള ഓരോ കളിയിലും താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ക്യാപ്റ്റന്റെ തെറ്റായ തീരുമാനങ്ങളും ടീമിനെ തുടർ പരാജയങ്ങളിലേക്ക് നയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരായ മത്സരത്തിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
സാധാരണ നാലാം നമ്പറിൽ ഇറങ്ങുന്ന പന്ത് ഇന്നലെ ഏഴാമനായാണ് ക്രീസിലെത്തിയത്. അതും കളിയുടെ അവസാന ഘട്ടത്തിൽ. നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ടീമിന്റെ നിർണായക ഘട്ടങ്ങളിൽ രക്ഷകനാകേണ്ട ക്യാപ്റ്റന്റെ ഈ പ്രകടനം എൽഎസ്ജി ആരധകരെയും നിരാശപ്പെടുത്തി. തോൽവിക്ക് പിന്നാലെ പന്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും കൊണ്ടുനിറഞ്ഞു.
‘പന്ത് സെഞ്ചറിയടിച്ചു, ഒന്ന് കാണാനില്ല, പൂജ്യം മാത്രമേ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നുള്ളൂ’വെന്നും ‘ഗോയങ്കയെ ഭയന്ന് പന്ത് ഇപ്പോള്‍ വേഗത്തിലാണ് പുറത്താകുന്നതെന്നുമൊക്കെയാണ് ആളുകളുടെ പരിഹാസ കമന്റുകൾ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ അർദ്ധസെഞ്ച്വറി മാത്രമാണ് ഈ സീസണിൽ പന്തിന് ആശ്വസിക്കാനുള്ളത്. അതേസമയം കഷ്ടിച്ച് 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി ലഖ്‌നൗ ഉയർത്തിയ വിജയലക്ഷ്യം രാഹുലിന്റെയും പോറലിന്റെയും അർദ്ധസെഞ്ച്വറി മികവിൽ 13 പന്ത് ശേഷിക്കെ ഡൽഹി മറികടന്നു.















