ന്യൂഡൽഹി: 26 നിരപരാധികൾ കൊല്ലപ്പെട്ട പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. തങ്ങൾ സുരക്ഷിതരല്ലെന്ന് മുസ്ലിംങ്ങൾക്ക് തോന്നുവെന്നും പ്രധാനമന്ത്രിക്ക് ഈ സന്ദേശം നൽകാനാണ് ഭീകരർ മതം നോക്കി അക്രമിച്ചതെന്നും റോബർട്ട് വാദ്ര പറഞ്ഞു.
“ഇത്തരം സംഘടനകൾക്ക് തോന്നുന്നത് ഹിന്ദുക്കൾ എല്ലാ മുസ്ലീങ്ങൾക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നാണ്. മതം നോക്കി ആരെയെങ്കിലും കൊല്ലുന്നത് പ്രധാനമന്ത്രിക്കുള്ള ഒരു സന്ദേശമാണ്, കാരണം മുസ്ലീങ്ങൾ ദുർബലരാണെന്ന് അവർക്ക് തോന്നുന്നു. ന്യൂനപക്ഷങ്ങൾ ദുർബലരാണെന്ന് അവർക്ക് തോന്നുന്നു…”റോബർട്ട് വാദ്ര പറഞ്ഞു.
പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ രാജ്യം ദുഃഖം ആചരിക്കുമ്പോഴാണ് വാദ്രയുടെ വിവാദ പ്രസ്താവന. പിന്നാലെ ബിജെപി നേതാവ് അമിത് മാളവ്യ, വാദ്രയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തി. റോബർട്ട് വാദ്ര ഭീകരാക്രമണത്തെ ന്യായീകരിച്ച് ഭീകരർക്ക് മറയൊരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
“ഞെട്ടിപ്പിക്കുന്ന കാര്യം! സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര ഭീകരതയെ അപലപിക്കുന്നതിനുപകരം അവർക്ക് മറയൊരുക്കി ഒരു ഭീകരാക്രമണത്തെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നു. അദ്ദേഹം അവിടെയും നിർത്തുന്നില്ല, പകരം, പാകിസ്താൻ ഭീകരർ ചെയ്യുന്ന അതിക്രമങ്ങൾക്ക് ഇന്ത്യയുടെ മേൽ കുറ്റം ചുമത്തുന്നു,” അമിത് മാളവ്യ പറഞ്ഞു.
ബിജെപി എംപി നിഷികാന്ത് ദുബെയും വാദ്രയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. “രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തുകൾ വിതച്ചത് കോൺഗ്രസിന്റെ ഈ മാനസികാവസ്ഥയാണെന്ന്” അദ്ദേഹം പറഞ്ഞു.