പാറ്റ്ന: പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആക്രമണം നടത്തിയ ഭീകരർക്കും അതിന് പദ്ധതിയിട്ടവർക്കും “സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ” ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ ക്രൂരമായി കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷം ബിഹാറിലെ മധുബനിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യം മുഴുവൻ വേദനയിലാണെന്ന് അദ്ദേഹം പറഞ്ഞു
“കാർഗിൽ മുതൽ കന്യാകുമാരി വരെ ദുഃഖവും രോഷവുമാണ്. ഈ ആക്രമണം നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ മാത്രമല്ല നടന്നത്; രാജ്യത്തിന്റെ ശത്രുക്കൾ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ധൈര്യം കാണിച്ചിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെ തിരിച്ചടി നൽകുമെന്നും 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യം ഭീകരതയുടെ യജമാനന്മാരുടെ നട്ടെല്ല് ഒടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ മുഴുവൻ ലോകത്തോടും പറയുന്നു. ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്‌ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ ഏതറ്റം വരെയും ഞങ്ങൾ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. മുഴുവൻ രാഷ്‌ട്രവും ഈ ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുന്നു,”ലോകത്തിന് നൽകുന്ന സന്ദേശമായി പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ ഇന്ത്യക്കൊപ്പം നിന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും അവരുടെ നേതാക്കൾക്കും മോദി നന്ദി പറഞ്ഞു.