അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്താന്റെ പാരമിലിട്ടറി സംഘം(റേഞ്ചേഴ്സ്) കസ്റ്റഡിയിലെടുത്തു. പഞ്ചാബ് അതിർത്ഥിയിലെ ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് സംഭവമെന്നാണ് സൂചന. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗാണ് പാകിസ്താന്റെ പിടിയിലായത്.
അതിർത്തിക്ക് സമീപമുള്ള കൃഷിയിടത്തിന് അരികെയായിരുന്നു സംഭവം. പതിവ് നടത്തത്തിനിറങ്ങിയ പികെ സിംഗ് അബദ്ധത്തിൽ അതിർത്തിവേലി കടന്ന് തണലരികിൽ കർഷകർക്കൊപ്പം വിശ്രമിക്കാൻ നടന്നപ്പോഴാണ് പാകിസ്താൻ പട്ടാളം പിടികൂടിയത്. സിംഗ് യൂണിഫോമിലായിരുന്നു. കൂടാതെ സർവീസ് തോക്കും കൈയിലുണ്ടായിരുന്നു.
ജവാനെ പിടികൂടിയതിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ സൈനികർ ഒരു ഫ്ലാഗ് മീറ്റിംഗ് നടത്തുകയാണ്. പ്രശ്നം പരിഹരിച്ച് ജവാനെ തിരികെയെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷേ ഇതുവരെയും തീരുമാനം ഒന്നും എടുത്തിട്ടില്ല. അദ്ദേഹത്തെ സുരക്ഷിതനായി പെട്ടെന്ന് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സാധാരണമെങ്കിലും പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്.















