ശ്രീനഗർ ; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന റീൽസ് വീഡിയോ വ്യാജം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ നാവികസേന ലെഫ്റ്റനന്റ് വിനയ് നർവാളും ഭാര്യ ഹിമാൻഷി സൊവാമിയും നൃത്തം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ തങ്ങളാണ് ക്ലിപ്പിലുള്ളതെന്ന് വെളിപ്പെടുത്തി മറ്റൊരു ദമ്പതികൾ രംഗത്തെത്തി.
ട്രാവൽ കണ്ടൻറ് ക്രെയേറ്റർമാരായ ശിഷ് സെഹ്‌റാവത്തും യാഷിക ശർമ്മയുമാണ് ഇത് വെളിപ്പെടുത്തിയത്. പഹൽഗാമിലെ ബൈസരൻ താഴ്‌വരയുടെ മനോഹരമായ പശ്ചാത്തലത്തിൽ യുവ ദമ്പതികൾ നൃത്തം ചെയ്യുന്നതും പ്രശസ്തമായ കോക്ക് സ്റ്റുഡിയോ ഗാനമായ ജോളിന് ചുവടുവയ്‌ക്കുന്നതും 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. എന്നാൽ ഇത് ഏപ്രിൽ 14 ന് കശ്മീരിലെ അവധിക്കാല യാത്രയ്‌ക്കിടെ റെക്കോർഡുചെയ്‌ത വീഡിയോയാണെന്ന് ദമ്പതികൾ പറഞ്ഞു. ഏപ്രിൽ 14 ന് റെക്കോർഡുചെയ്‌ത വീഡിയോയുടെ മെറ്റാഡാറ്റയും ഇവർ തെളിവായിക്കാട്ടി.
ആക്രമണം നടന്ന അതേ ദിവസം, ചൊവ്വാഴ്ച ദമ്പതികൾ അവരുടെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടെങ്കിലും നെറ്റിസണ്സിന്റെ പ്രതിഷേധം കനത്തതോടെ അത് പിൻവലിച്ചു. എന്നാൽ അപ്പോഴേക്കും വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന തെറ്റായ അടിക്കുറിപ്പോടെ ആരോ വീഡിയോ പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നെന്നും ദമ്പതികൾ പറയുന്നു. വീഡിയോയിലുള്ളത് വിനയ് അല്ലെന്ന് നാവിക ഉദ്യോഗസ്ഥന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.
View this post on Instagram