മുംബൈക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് താരം ഇഷാൻ കിഷൻ കാണിച്ച മണ്ടത്തരം സോഷ്യൽ മീഡിയയിലടക്കം നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അമ്പയർ ഔട്ട് വിധിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. എന്നിട്ടും ബാറ്റിൽ കൊള്ളാതെപോയ പന്തിൽ സ്വയം ഔട്ട് വിധിച്ച് ഇഷാൻ കിഷൻ മടങ്ങിയത് ആരാധകരെയും ചൊടിപ്പിച്ചു. ഇപ്പോഴിതാ താരത്തിനെതിരെ ഒത്തുകളി ആരോപണയുമായി മുൻതാരങ്ങളടക്കം രംഗത്തെത്തിയിരിക്കുകയാണ്.
മുൻ പാക് ക്രിക്കറ്റ് താരം ജുനൈദ് ഖാനാണ് ഒത്തുകളി ആരോപണത്തിനുപിന്നിൽ. മത്സരത്തിൽ ഇഷാൻ കിഷൻ പുറത്തായ രീതിയാണ് തരാം ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദ് താരത്തിന്റെ പുറത്താകലിന്റെ വീഡിയോ പങ്കിട്ടുകൊണ്ട് ‘സംതിങ് സസ്പീഷ്യസ്’ (സംശയാസ്പദം) എന്നാണ് ജുനൈദ് കുറിച്ചത്.
ദീപക് ചഹറിന്റെ ഓവറിലായിരുന്നു വിവാദമായ പുറത്താകൽ. ഇഷാൻ ലെഗ്‌സൈഡ് കളിയ്‌ക്കാൻ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പർ റിക്കിൽട്ടൻ ക്യാച്ച് ചെയ്തു. എന്നാൽ അമ്പയറിന്റെ തീരുമാനത്തിനുപോലും കാത്തുനിൽക്കാതെ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇഷാൻ മടങ്ങുകയായിരുന്നു. റീപ്ലേകളിൽ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. വൈഡ് നൽകാനായി കൈ ഉയർത്തിയ അമ്പയർ കിഷൻ മടങ്ങുന്നത് കണ്ട ഔട്ട് വിധിക്കുകയായിരുന്നു.
ഈ സീസണിൽ ഇതാദ്യമായല്ല ഒത്തുകളി ആരോപണം ഉയരുന്നത്. നേരത്തെ രാജസ്ഥാൻ റോയൽസിനെതിരെ അഡ്‌ഹോക് കമ്മിറ്റി കൺവീനറായ ജയ്ദീപ് ബിഹാനി രംഗത്തെത്തിയിരുന്നു. ലഖ്‌നൗവിനെതിരെ രാജസ്ഥാൻ 2 റൺസിന് തോൽവി വഴങ്ങിയത് മനഃപൂർവമാണെന്നും സൂപ്പർ ഓവറിൽ ഉൾപ്പെടെ തോറ്റത് അവിശ്വസനീയമായാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾ തള്ളിയ രാജസ്ഥാൻ ജയദീപിനെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു.















