ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ. തമിഴ്നാട്ടിലെ രാമനാഥപുരം വെൺമണി നഗറിലായിരുന്നു സംഭവം.പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരിയെയാണ് വെങ്കട്ടിന്റെ സുഹൃത്തായ നംബുരാജ് പീഡനത്തിന് ഇരയാക്കിയത്. മാർച്ച് 30 മുതൽ നംബുരാജിനെ കാണാനില്ലായിരുന്നു. ഇയാളുടെ സഹോദരി റാണിയാണ് പൊലീസിനെ സമീപിച്ചത്.
മാർച്ച് 30 ന് സുഹൃത്തുക്കളെ സന്ദർശിക്കാൻ പോകുകയാണെന്ന് പറഞ്ഞ് നംബുരാജൻ വീട്ടിൽ നിന്ന് പോയി ഇതിന് ശേഷം മടങ്ങിയെത്തിയില്ല. ഇതേത്തുടർന്ന്, സഹോദരനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് റാണി രാമേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത രാമേശ്വരം പൊലീസ് നംബുരാജനുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. രാമേശ്വരം വെണ്മണി നഗറിൽ താമസിക്കുന്ന വെങ്കട്ട് സുബ്രഹ്മണ്യനുമായി നംബുരാജന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് അന്വേഷണത്തിൽ ഇരുവരും പലപ്പോഴും ഒറ്റയ്‌ക്ക് മദ്യപിച്ചിരുന്നതായി കണ്ടെത്തി. നംബുരാജൻ പലപ്പോഴും വെങ്കട്ട് സുബ്രഹ്മണ്യന്റെ വീട്ടിൽ മദ്യം കഴിക്കാൻ പോയിട്ടുണ്ട്.
ഇതിനെത്തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തു. ആദ്യം അയാളുടെ ഉത്തരങ്ങൾ പരസ്പര വിരുദ്ധമായിരുന്നു, തുടർന്ന് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. നംബുരാജനെ ചുമരിൽ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു പിന്നിൽ കുഴിച്ചിട്ടതായി വെങ്കട്ട് സുബ്രഹ്മണ്യൻ വെളിപ്പെടുത്തി. ഇന്നലെ വെണ്മണി നഗറിലെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് കൊലപാതകം നടന്ന സ്ഥലവും മൃതദേഹം കുഴിച്ചിട്ട സ്ഥലവും കണ്ടെത്തി. പതിവ് പോലെ മാർച്ച് 30ന് സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയ നംബുരാജൻ സുഹൃത്ത് ഇല്ലെന്ന് മനസിലായതോടെ അയാളുടെ സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
സ്ത്രീ ഇക്കാര്യം തന്റെ സഹോദരനോട് പറഞ്ഞതോടെ, പ്രകോപിതനായ വെങ്കട്ട് സുബ്രഹ്മണ്യൻ നംബുരാജനെ ആക്രമിക്കുകയും ചുമരിൽ തലയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.തുടർന്ന് ഭയന്ന വെങ്കട്ട് സുബ്രഹ്മണ്യൻ വീടിന് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് ഒരു കുഴിയെടുത്ത് മൃതദേഹം ആരും അറിയാതെ കുഴിച്ചിടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി എല്ലാം ഏറ്റുപറഞ്ഞു.