ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഞങ്ങൾ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കേന്ദ്രവ്യവസായ മന്ത്രി പിയുഷ് ഗോയൽ. ഇതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമെന്നും ഭീകരതയെ ഒരു കാരണവശാലും ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
“പാകിസ്താനുമായി വ്യാപാരബന്ധം തുടരാൻ ഇന്ത്യക്ക് താത്പര്യമില്ല. പാകിസ്താനെ ഭീകരരാഷ്‌ട്രം എന്ന് മുദ്രകുത്തും. ഇന്ത്യയിൽ ഒരു സ്ഥലത്തും ഭീകരത വളർത്താൻ ഞങ്ങൾ അനുവദിക്കില്ല. പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. പാകിസ്താൻ പോലുള്ള ഭീകരവാദ രാജ്യവുമായി വ്യാപാരം നടത്താൻ ഇന്ത്യയ്‌ക്ക് സാധ്യമല്ല”.
“വിസ റദ്ദാക്കൽ പോലുള്ള തീരുമാനങ്ങളെ കുറിച്ച് പാകിസ്താനെ അറിയിക്കുന്നതാണ്. ഭീകരതയെ നേരിടാനുള്ള ചുവടുവയ്പ്പാണിത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യും. ഇതിന് ഉത്തരവാദികളായ ആളുകൾക്ക് ഉചിതമായ മറുപടി നൽകും. മുംബൈ ഭീകരാക്രമണത്തെ നമ്മൾ നേരിട്ടു. കൂടുതൽ ശക്തമായി തിരിച്ചുവന്നു. പുൽവാമ ആക്രമണത്തിനും നമ്മൾ ഉചിതമായ മറുപടി നൽകി”.
അമർനാഥ് യാത്ര വിജയകരമായി തന്നെ നടത്തപ്പെടും. കശ്മീരിലെ വിനോദസഞ്ചാരമേഖല ഉടൻ ആരംഭിക്കും. പുരോഗിതിയുടെ പാതയിലേക്ക് നീങ്ങുന്ന കശ്മീരിനെ പിന്നിലേക്കടിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.