ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ബലോച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർഗറ്റിലൂടെ സഞ്ചരിച്ച പാക് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഐഇഡി പൊട്ടിത്തെറിച്ച് പത്ത് പാക് പട്ടാളക്കാർ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു.
റിമോട്ട് കൺട്രോൾ ഡിവൈസ് ഉപയോഗിച്ചാണ് ബലോച് വിമതർ സ്ഫോടനം നടത്തിയത്. സംഭവത്തിന് പിന്നാലെ ബോംബാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബലോച് വിമതർ തന്നെ പുറത്തുവിട്ടു. സ്ഫോടനത്തിൽ സൈനികവാഹനം പൂർണമായും തകർന്നു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, ശിപായി ഖലീൽ, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവർ കൊല്ലപ്പെട്ടതായി ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പാക് പട്ടാളത്തിനെതിരായ നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ബിഎൽഎ മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും സർവ്വ ശക്തിയും ഉപയോഗിച്ച് ശത്രുവിനെ നിഷ്പ്രഭമാക്കുമെന്നും ബിഎൽഎ പറഞ്ഞു.
പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ബലോച് വിമതർ കാലങ്ങളായി നടത്തുന്ന നീക്കങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ക്വറ്റയിൽ സംഭവിച്ചത്. തീവ്രവാദത്തെ പോറ്റി ദശാബ്ദങ്ങളോളം തുടർന്ന പാകിസ്താൻ ഒടുവിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ലഷ്കർ ഭീകരാക്രമണത്തിൽ പാകിസ്താനുള്ള പങ്ക് പുറത്തുവരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ സംഘർഷങ്ങളുടെ വാർത്ത വരുന്നത്.















