ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കിടെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുയർത്തി പാക്സിതാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം തന്നെയെന്നും പാകിസ്താൻ ആണവരാജ്യമെന്ന കാര്യം ഇന്ത്യ മറക്കേണ്ടെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യയുമായി ഒരു സമ്പൂർണ യുദ്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മൂന്ന് പതിറ്റാണ്ടായി ഭീകരസംഘടനകൾക്ക് പാകിസ്താൻ ധനസഹായവും പിന്തുണയും നൽകുന്നുണ്ടെന്നും പാക് പ്രതിരോധമന്ത്രി തുറന്നുസമ്മതിച്ചു. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കും തെളിഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട തീരുമാനങ്ങൾ പാകിസ്താന് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. ഇതിന് പിന്നാലെ വാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കുകയാണ് പാക് മന്ത്രിമാർ. ഇന്ത്യയുടെ നടപടികൾ വലിയ ഞെട്ടലുണ്ടാക്കിയെന്നത് പാക് മന്ത്രിമാരുടെ പ്രസ്താവനകളിൽ നിന്ന് പ്രകടമാണ്.
സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കരാർ റദ്ദാക്കുന്ന വിവരം ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിട്ടുണ്ട്.















