ശ്രീനഗർ: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. നിയന്ത്രണരേഖയ്‌ക്ക് സമീപത്തായി പലയിടങ്ങളിലായാണ് വെടിവയ്പ്പ് നടന്നത്. ഇന്ത്യൻ സൈന്യത്തിന് നേരെ പ്രകോപനപരമായി പാക് സൈനികർ വെടിയുതിർക്കുകയായിരുന്നു. നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
നിയന്ത്രണരേഖയ്‌ക്ക് സമീപത്ത് നിന്ന് പാക് സൈനികർ ചെറിയ തോക്കുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് വെടിയുതിർത്തു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസവും അതിർത്തിയിൽ വെടിവയ്പ്പ് നടന്നിരുന്നു. പാക് സൈനികരുടെ പ്രകോപനപരമായ വെടിവയ്പ്പിനെ തുടർന്ന് ഇന്ത്യൻ സൈന്യം പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ- പാകിസ്താൻ വെടിനിർത്തൽ കരാർ റദ്ദാക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
ഭീകരതയ്‌ക്ക് കുടപിടിക്കുന്ന പാകിസ്താന് ശക്തമായി തിരിച്ചടി നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ നാവിക, കര, വ്യോമസേനകൾ അതിനായി സജ്ജമായി കഴിഞ്ഞു.