ശ്രീനഗർ: കശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയിലെ കമാൻഡർ ഉൾപ്പെടെ അഞ്ച് ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെ, സാഹിദ് അഹമ്മദ്, അഹ്സാൻ ഉൽ ഹഖ്, എഹ്‌സാൻ അഹമ്മദ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഷോപിയാൻ, കുൽഗാം, പുൽവാമ ജില്ലകളിൽ സ്ഥിതിചെയ്യുന്ന വീടുകളാണ് കഴിഞ്ഞ ദിവസം രാത്രി അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് നിലംപരിശാക്കിയത്.
ഭീകരവാദ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഭീകരർ വീടുകൾ നിർമിച്ചത്. ഇതിന്റെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഷോപ്പിയാനിലെ ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെയുടെ വീടാണ് ആദ്യം തകർത്തത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് കണ്ടെത്തിയിരുന്നു.
അഹ്സാൻ ഉൽ ഹഖിന്റെ വീട് സ്ഫോടനത്തിലൂടെ നിലംപരിശാക്കി. 2018-ലാണ് ഇയാൾ പാകിസ്താനിലെ ഭീകരസംഘടനയിൽ ചേർന്നത്. എല്ലാ ഭീകരരുടെയും പശ്ചാത്തലം പ്രാദേശിക ഭരണകൂടം അന്വേഷിച്ചുവരികയാണ്. ഇവർക്കെതിരെ വിവിധ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി പഹൽഗാമിൽ ആക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്തിരുന്നു. രണ്ട് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തെറിഞ്ഞത്. ഭീകരരുടെ വീടുകൾക്കുള്ളിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു.