ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനികളോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെ നടപടി കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. അതത് സംസ്ഥാനങ്ങളിലുള്ള പാകിസ്താൻ പൗരന്മാരുടെ കണക്കെടുപ്പും ആരംഭിച്ചു. ഏപ്രിൽ 27നകം രാജ്യം വിടണമെന്നാണ് പാകിസ്താനികളോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദിഷ്ട തിയതിക്ക് ശേഷവും ഇന്ത്യയിൽ തുടർന്നാൽ വിസ റദ്ദാക്കപ്പെടും.
നൂറുകണക്കിന് പാകിസ്താനികൾ താമസിക്കുന്ന ഇന്ത്യൻ നഗരമായ ഹൈദരാബാദിൽ ഡിജിപിയുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഏപ്രിൽ 27നകം രാജ്യം വിട്ടില്ലെങ്കിൽ ഹൈദരാബാദിലുള്ള എല്ലാ പാകിസ്താനികളുടെയും വിസകൾ അസാധുവാകുമെന്ന് ഡിജിപി ഡോ. ജിതേന്ദർ ഓർമിപ്പിച്ചു. മെഡിക്കൽ വിസയിലെത്തിയ പാക് പൗരന്മാർ ഏപ്രിൽ 29-നകം ഇന്ത്യ വിടണം. അതേസമയം ദീർഘകാല വിസ നേടിയവരും (LTVs) നയതന്ത്ര ഉദ്യോഗസ്ഥരും ഔദ്യോഗിക വിസയിൽ തങ്ങുന്നവരുമായ പാക് പൗരന്മാർക്ക് നിലവിലെ ഉത്തരവ് ബാധകമല്ലെന്നും ഡിജിപി വ്യക്തമാക്കി.
പാകിസ്താനികൾക്ക് തിരികെ മടങ്ങാൻ അട്ടാരി അതിർത്തി ഏപ്രിൽ 30 വരെ തുറന്നിടുന്നതാണ്. നിലവിൽ തെലങ്കാനയിൽ തങ്ങുന്ന പാകിസ്താനികൾ നിയമനടപടികൾ ഒഴിവാക്കാൻ നിർദിഷ്ട തിയതിക്ക് മുൻപാകെ രാജ്യം വിടണമെന്ന് ഡിജിപി ഓർമിപ്പിച്ചു.
തെലങ്കാനയിൽ 208 പാക് പൗരന്മാരാണുള്ളത്. ഇവരിൽ കൂടുതൽ പേരും ഹൈദരാബാദിലാണ്. ഇതിൽ 156 പേരാണ് ദീർഘകാല വിസയിൽ തങ്ങുന്നത്. ഇന്ത്യയിൽ ബന്ധുക്കളുള്ളവരും ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചവരുമാണ് 156 പേർ. 39 പാകിസ്താനികൾ മെഡിക്കൽ/ബിസിനസ് വിസ നേടിവരാണ്. 12 പേരാണ് ഹ്രസ്വകാല വിസയിൽ തങ്ങുന്നതെന്നും കണക്കുകൾ വിശദീകരിച്ചുകൊണ്ട് ഡിജിപി പറഞ്ഞു. വിസാ കാലാവധി കഴിഞ്ഞ് ഏതെങ്കിലും പാക് പൗരന്മാർ ഹൈദരാബാദിൽ തങ്ങുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
കേരളത്തിലുള്ള 104 പാക് പൗരന്മാരിൽ ആറ് പേർ പാകിസ്താനിലേക്ക് തിരിച്ചുപോയിരുന്നു. സന്ദർശക വിസയിൽ കഴിയുന്നവരാണ് മടങ്ങിയത്. ശേഷിക്കുന്ന പാര് പൗരന്മാർ ദീർഘകാല വിസയുള്ളവരാണ്. നിലവിലെ നിർദേശപ്രകാരം ഇവർക്ക് ഇന്ത്യയിൽ തങ്ങുന്നതിൽ തടസമില്ല.















