ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്നും സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കാനഡ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പാകിസ്താൻ മിലിട്ടറി അക്കാദമിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെരീഫ്. “നിഷ്പക്ഷമായ ഏതൊരു അന്വേഷണത്തിനും പാകിസ്താൻ തയാറാണ്. പരസ്പര ധാരണയോട് കൂടി അന്വേഷണം നടക്കണം. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താനെ കുറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം. വിശ്വാസനീയവും നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയാറാണ്. ഭീകരതയെ സർക്കാർ എന്നും അപലപിച്ചിട്ടുണ്ടെന്നും” പാക് പ്രധാനമന്ത്രി വിശദീകരിച്ചു.
പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രകോപനപരമായ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഷഹ്ബാസ് ഷെരീഫിന്റെ വാക്കുകൾ. ഐക്യരാഷ്‌ട്രസഭ സെക്യൂരിറ്റി കൗൺസിൽ ഉൾപ്പെടെ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ഇന്ത്യയ്‌ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യക്കെതിരെ ഖ്വാജ ആസിഫ് യുദ്ധഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധത്തിന് ആഹ്വാനം ചെയ്യുമെന്നും ആണവരാജ്യമെന്ന കാര്യം ഇന്ത്യ മറക്കേണ്ടയെന്നുമായിരുന്നു ഖ്വാജയുടെ ഭീഷണി. ഇതിന് ചുവടുപിടിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും പ്രകോപനപരമായ പ്രസ്താവന നടത്തി. ഇതിന് പിന്നാലെയാണ് അപകടം മനസിലാക്കി പാക് പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നത്.















