ആദിൽ അഹമ്മദ് തോക്കർ!! പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഓരോ ഇന്ത്യക്കാരനും ഭയത്തോടെയും വെറുപ്പോടെയും അറിഞ്ഞ പേര്. 26 നിരപരാധികളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയവരിൽ പ്രധാനി. കശ്മീരിയായ ആദിൽ കഴിഞ്ഞ ഒരു ദശാബ്ദമായി എവിടെയായിരുന്നു, എന്തായിരുന്നു ചെയ്തിരുന്നത്, എന്നടക്കമുള്ള അന്വേഷണം എത്തിനിൽക്കുന്നതാകട്ടെ പാകിസ്താനിലും.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിലുള്ള ഗുറെ ഗ്രാമവാസിയാണ് ആദിൽ (Adil Ahmed Thokar). പഹൽഗാമിലെ ബൈസരണിൽ നടന്ന കൊടുംക്രൂരതയുടെ മുഖ്യപങ്കാളി. 2018ൽ പാകിസ്താനിലേക്ക് പോവുകയും ആറ് വർഷത്തിന് ശേഷം ഭീകരസംഘത്തിനൊപ്പം ആദിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥി വിസയിലായിരുന്നു ആദിൽ പാകിസ്താനിലെത്തിയത്. യാത്രയ്‌ക്ക് മുൻപ് തന്നെ ആദിലിന്റെ പ്രവൃത്തികൾക്ക് തീവ്രവാദത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരോധിത ഭീകരസംഘടനകളിൽ ഉൾപ്പെട്ട പല വ്യക്തികളുമായി ആദിൽ ബന്ധം പുലർത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് പോകുന്നതിന് മുൻപേ ആദിൽ ഭീകരവാദത്തിലേക്ക് കാലെടുത്തുവച്ചിരുന്നുവെന്നാണ് സൂചന.
സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലെത്തിയ ശേഷം പിന്നെയാരും ആദിലിനെ കണ്ടിട്ടില്ല. പൊതുസമക്ഷത്തിൽ നിന്ന് അയാൾ അപ്രത്യക്ഷനായി. കുടുംബവുമായുള്ള എല്ലാ ആശയവിനിമയും നിർത്തലാക്കി. എട്ട് മാസത്തോളം ആദിലിന്റെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡിജിറ്റൽ മാർഗങ്ങളിലൂടെ ആദിലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഇന്റലിജൻസ് ഏജൻസികൾക്ക് തുമ്പൊന്നും ലഭിക്കാതെയായി. ഇതേസമയം ആദിലിന്റെ വീട്ടിൽ സമാന്തര നിരീക്ഷണം ശക്തമായി തുടരുന്നുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുമായി സകല ബന്ധവും വിച്ഛേദിച്ചതിനാൽ കാര്യമുണ്ടായില്ല.
വിദ്യാർത്ഥി വിസ നേടി പാകിസ്താനിലെത്തിയ ആദിൽ എട്ട് വർഷത്തോളം അവിടെ കഴിഞ്ഞത് സായുധപരിശീലനം നേടാനായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ലഷ്കർ ഇ ത്വയ്ബയുടെ ഏജന്റുമാർ ആദിലിനെ ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടവിധം പരിവർത്തനപ്പെടുത്തി.
2024 അവസാനത്തോടെ ആദിൽ ഇന്ത്യയിലെത്തി എന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പൂഞ്ച്-രജൗരി സെക്ടറിലെ പരുക്കൻ പ്രദേശങ്ങളിലൂടെ നിയന്ത്രണരേഖ കടന്ന് 2024 ഒക്ടോബറിൽ ആദിൽ ഇന്ത്യയിലേക്ക് പ്രവേശിച്ചു. ചെങ്കുത്തായ മലനിരകളും ഇടതൂർന്ന വനങ്ങളും കാരണം ഈ മേഖലയിൽ പട്രോളിംഗ് നടത്തുകയെന്നത് ദുഷ്കരമാണ്. സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികളെ ഭീകരർ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു.
3-4 പേരടങ്ങുന്ന ഭീകരസംഘത്തിനൊപ്പമായിരുന്നു ആദിൽ ഇന്ത്യയിലേക്ക് കടന്നത്. സുരക്ഷാസേനയുടെ കണ്ണിൽപ്പെടാതിരിക്കാൻ വനമേഖലയിലൂടെ മാത്രം സഞ്ചരിക്കാൻ അവർ ശ്രദ്ധിച്ചു. അനന്ത്നാഗിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ കിഷ്ത്വാറിൽ വച്ചാണ് ആദിൽ ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ വൈകാതെ വീണ്ടും അപ്രത്യക്ഷനായി.
ഇന്ത്യയിലെത്തിയ ആദിൽ മറ്റൊരു വിദേശഭീകരനെ കൂടി ഒപ്പം പാർപ്പിച്ചിരുന്നുവെന്നാണ് വിവരം. ആഴ്ചകളോളം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു. ഈ കാലയളവിൽ ആക്രമണത്തിന് യോജിച്ച സ്ഥലവും സന്ദർഭവും തേടിയുള്ള അന്വേഷണങ്ങളായിരുന്നു. അന്താരാഷ്‌ട്ര ശ്രദ്ധനേടുന്നതും കൂടുതൽ ആളപായത്തിന് സാധ്യതയുള്ളതും ആക്രമണശേഷം രക്ഷപ്പെടാൻ വഴിയുള്ളതുമായ സ്ഥലത്തിനായി അവർ കശ്മീരിലെമ്പാടും തെരഞ്ഞു. സുരക്ഷാകാരണങ്ങളാൽ അടച്ചിട്ടിരുന്ന ബൈസരൺവാലി തുടക്കുന്നതും വിനോദസഞ്ചാരികളുടെ ഒഴുക്ക് കുത്തനെ ഉയർന്നതും ഇതിനിടെയാണ്. (2025 മാർച്ച്)
ഏപ്രിൽ 22ന് ഉച്ചയ്‌ക്ക് 1.50ഓടെ ആദിൽ അടക്കമുള്ള ഭീകരർ ബൈസരണിലെ ഇടതൂർന്ന പൈൻകാടുകളിൽ നിന്ന് ഇറങ്ങിവന്നു. അവർ ചെറുസംഘങ്ങളായി തിരിഞ്ഞ് വിനോദസഞ്ചാരികൾ കൂടുതലുള്ള മേഖലകളിലേക്ക് റൈഫിളുകളേന്തിയെത്തി. ലക്ഷ്യം നടപ്പാക്കി. ചിലരോട് മതം ആരാഞ്ഞു. മറ്റ് ചിലരോട് ഇസ്ലാമിക വചനങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. അമുസ്ലീങ്ങളാണെന്ന് ബോധ്യപ്പെട്ടവരെ കൊന്നുതള്ളി. പത്തുമിനിറ്റ് നീണ്ട കൂട്ടക്കുരുതിക്ക് പിന്നാലെ ബൈസരൺവാലിയിൽ ചോരപ്പുഴയൊഴുകി. കൊല്ലപ്പെട്ടവരിൽ 25 ടൂറിസ്റ്റുകളും ഒരു കുതിരക്കാരനുമാണ് ഉണ്ടായിരുന്നത്. നേവിയിലേയും ഐബിയിലേയും ഉദ്യോഗസ്ഥരും ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയായവരിൽ ഉൾപ്പെടുന്നു.
സംഘത്തിൽ അഞ്ച് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. ആദിലിനെ കൂടാതെ രണ്ട് പാക് പൗരന്മാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായി എന്ന തൽഹ ഭായി എന്നിവരാണ് മറ്റ് രണ്ട് വിദേശ ഭീകരർ. ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവിന് പകരം ചോദിച്ചിരിക്കുമെന്ന നിലപാടിലാണ് ഭാരതം.















