പൂനെ: സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് പൂനെ കോടതി. രാഹുൽ മെയ് 9 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.കുറച്ചു കാലം മുമ്പ് ലണ്ടനിൽ വെച്ച് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വി ഡി സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അധിക്ഷേപകരമായ പ്രസ്താവനയെത്തുടർന്ന് സവർക്കറുടെ ബന്ധുവാണ് കേസ് ഫയൽ ചെയ്തത്.
ഇതേ വിഷയത്തിൽ രാഹുലിനെതിരെ നിലനിൽക്കുന്ന മറ്റൊരു കേസിൽ, ഭാവിയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ വിവാദപരമായ പരാമർശങ്ങൾ നടത്തരുതെന്നും അല്ലാത്തപക്ഷം നടപടികൾ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി കോൺഗ്രസ് എംപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സവർക്കറിനെതിരായ ഗാന്ധിയുടെ പരാമർശങ്ങളോട് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി വിനായക് ദാമോദർ സവർക്കറെ പ്രശംസിച്ച് കത്തെഴുതിയ കാര്യം അദ്ദേഹത്തിന് അറിയാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. വൈസ്രോയിക്ക് എഴുതിയ കത്തുകളിൽ “നിങ്ങളുടെ വിശ്വസ്ത ദാസൻ” എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ ദാസൻ എന്ന് വിളിക്കാമോയെന്നും രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് ജസ്റ്റിസ് ദീപങ്കർ ദത്ത ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാതെ രാഹുൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും അങ്ങനെയുണ്ടായാൽ കോടതി സ്വമേധയാ കേസെടുക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.