തന്റെ പൗരത്വത്തെ കുറിച്ച് ചോദ്യമുയർത്തിയ മുൻ പാകിസ്താൻ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സംഗീതസംവിധായകൻ അദ്‌നാൻ സമി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അദ്നാൻ സാമിയെയും പാകിസ്താനിലേക്ക് തിരിച്ചയക്കുമോ എന്നായിരുന്നു മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്റെ ചോദ്യം.
മുൻ പാക് മന്ത്രിയുടെ എക്‌സിലെ പോസ്റ്റിനുപിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ സോഷ്യൽ മീഡിയ വാക്‌പോര് നടന്നു. ഫവാദ് ഹുസൈനെ “നിരക്ഷരനായ വിഡ്ഢി” എന്ന് വിശേഷിപ്പിച്ച സമി, 2016 ൽ തന്നെ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. പാകിസ്താൻ പൗരന്മാരുടെ തിരിച്ചുവരവ് എത്രയും വേഗം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാക് മന്ത്രിയുടെ വിവാദ പോസ്റ്റ്. “ഈ നിരക്ഷരനായ വിഡ്ഢിയോട് ആരാണ് പറയാൻ പോകുന്നത്!” എന്നായിരുന്നു സംഗീത സംവിധായകന്റെ മറുപടി ട്വീറ്റ്.
അവിടയും തീർന്നില്ല. തന്റെ ജന്മസ്ഥലം ലാഹോറാണെന്ന് തെറ്റായി പറഞ്ഞ ഫവാദ് ഹുസൈന് സമി കണക്കിന് കൊടുത്തു. അദ്ദേഹത്തെ തിരുത്തിക്കൊണ്ട്, തന്റെ വേരുകൾ പെഷവാറിൽ നിന്നാണെന്ന് സമി പറഞ്ഞു. വാർത്താവിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടും വസ്തുതകൾ തെറ്റായി നൽകിയതിന് അദ്ദേഹത്തെ പരിഹസിച്ചു. 2016 ൽ ഇന്ത്യൻ പൗരത്വം നേടിയ അദ്‌നാൻ സാമി കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. മുൻ അഭിമുഖങ്ങളിൽ, ഇന്ത്യൻ പൗരത്വം ലഭിക്കാൻ 18 വർഷമെടുത്തുവെന്നും, ഒന്നര വർഷമായി താൻ രാജ്യമില്ലാതെ കഴിയുകയായിരുന്നുവെന്നും ഗായകൻ വെളിപ്പെടുത്തിയിരുന്നു. പാകിസ്താനിൽ തനിക്ക് ഭീഷണി നേരിട്ടിരുന്നുവെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.















