ശനിയാഴ്‌ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പഞ്ചാബ് കിംഗ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴ കളിച്ചതോടെ ഇരുടീമുകൾക്കും നിർണായക പോയിന്റുകൾ നഷ്ടമായി. മത്സരം ഉപേക്ഷിച്ചതോടെ പഞ്ചാബിനും കൊൽക്കത്തയ്‌ക്കും ഓരോപോയിടുകൾ വീതമാണ് ലഭിച്ചത്. പോയിന്റ് പട്ടികയിൽ ഈ ഒരു പോയിന്റ് ബലത്തിൽ പഞ്ചാബ് മുംബൈയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയർന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ പ്രഭ്സിമ്രാൻ സിംഗിന്റെയും പ്രിയാൻഷ് ആര്യയുടെയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് പഞ്ചാബ് മികച്ച പഞ്ചാബ് മികച്ച സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആർ ഒരു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസ് നേടിയ ഘട്ടത്തിലാണ് വില്ലനായി മഴയെത്തുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷവും മഴ തോരാത്തതിനാൽ മത്സരം റദ്ദാക്കി പോയിന്റ് പങ്കുവച്ചു.
ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കെകെആർ ഏഴാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം പഞ്ചാബ് കിംഗ്‌സിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുണ്ട്. അതേസമയം ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നത് ഗുജറാത്ത് ടൈറ്റൻസ് ആണ്. ൮ കളികളിൽ നിന്ന് 6 വിജയവും 2 തോൽവിയുമുള്ള ടീമിന് 12 പോയിട്ടുണ്ട്. 12 പോയിന്റുള്ള ഡൽഹിയാണ് നെറ്റ് റൺ റേറ്റ് അടിസ്ഥനത്തിൽ രണ്ടാം സ്ഥാനത്തിൽ. മൂന്നാമൻ ബെംഗളൂരുവാണ്. ചെന്നൈ സൂപ്പർകിങ്‌സാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ.
വിക്കറ്റ് വേട്ടയിലും റൺവേട്ടയിലും ഗുജറത്ത് താരങ്ങൾ തന്നെയാണ് ഒന്നാമത്. 8 മത്സരങ്ങളിൽ നിന്ന് 417 റൺസുമായി സായി സുദർശനും 16 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും പർപ്പിൾ, ഓറഞ്ച് ക്യാപ്പുമായി മുന്നേറ്റം തുടരുന്നു.