തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിന്ന് ഗവർണർമാർ. കേരള, ഗോവ, ബംഗാൾ സംസ്ഥാനങ്ങളിലെ ഗവർണർമാരാണ് ഡിന്നർ വിരുന്നിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചത്. ഞായറാഴ്ച രാത്രി ക്ലിഫ് ഹൗസിലാണ് അത്താഴ വിരുന്ന് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പങ്കെടുക്കുന്നതിൽ വിസമ്മതം അറിയിച്ച് കേരള ഗവർണർ തന്നെ ആദ്യം രംഗത്തെത്തി. എത്താൻ കഴിയില്ലെന്ന് ഒരാഴ്ച മുൻപേ അറിയിച്ചു. വിരുന്നിൽ പങ്കെടുക്കുന്നത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുമെന്നാണ് ഗവർണറുടെ പ്രതികരണം.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് എന്നിവരെയാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ അത്താഴ വിരുന്നിന് ക്ഷണിച്ചത്. മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് രാജ്ഭവനിൽ എത്തി കേരള ഗവർണറെ ക്ഷണിച്ചെങ്കിലും കാര്യമുണ്ടായില്ല. വിരുന്നിൽ പങ്കെടുക്കാൻ വരുന്നില്ലെന്ന് മൂന്നു ഗവർണർമാരും മറുപടി നൽകി.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ SFIO അന്വേഷണവും അതിനു പിന്നാലെ വന്ന വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ വിവാദങ്ങളും കൊടുമ്പിരികൊണ്ടു നിൽക്കുന്ന സമയത്ത് പിണറായി വിജയന്റെ നയതന്ത്ര അത്താഴ വിരുന്ന് പരിപാടിയിൽ പങ്കെടുക്കേണ്ട കാര്യമില്ല എന്നാണ് ഗവർണർമാരുടെ തീരുമാനം. ഡൽഹിയിൽ മന്ത്രിമാർക്കും എംപിമാർക്കും ഗവർണർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയെടുത്ത നയതന്ത്ര തീരുമാനമായിരുന്നു ക്ലിഫ് ഹൗസിലെ അത്താഴ വിരുന്ന്.















