സ്വപ്‌നങ്ങൾ കാണാൻ പഠിക്കുന്ന പ്രായത്തിൽ കണ്ട സ്വപ്നം നേടിയെടുത്ത് ലോകക്രിക്കറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ് 14 കാരനായ വൈഭവ് സൂര്യവംശി. തന്റെ മൂന്നാം ഐപിഎൽ മത്സരം മാത്രം കളിക്കുന്ന വൈഭവ് ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ നിന്ന് സെഞ്ച്വറി നേടി ചരിത്രം തിരുത്തിക്കുറിച്ചു. ഒപ്പം ഒരുപിടി റെക്കോർഡുകളും.
14 വർഷവും 32 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ബിഹാറിലെ സമസ്തിപൂർ സ്വദേശി വൈഭവിന് ഈ നേട്ടത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. പത്താം വയസുമുതൽ ദിവസവും 600 പന്തിലധികം നേരിട്ട് തുടങ്ങിയ ലക്ഷ്യം. 16-17 വയസ് പ്രായമുള്ള നെറ്റ് ബൗളർമാരെ നേരിട്ട് മണിക്കൂറുകൾ നീണ്ട കഠിനാധ്വാനം. മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് പണം ഒരു തടസ്സമാകുമെന്ന് മനസിലാക്കിയ പിതാവ് സഞ്ജീവ് സൂര്യവംശി തന്റെ കൃഷിഭൂമി വിറ്റ് അവനൊപ്പം നിന്നു. വൈഭവ് പരിശീലനത്തിനായി പോകുമ്പോൾ അവനൊപ്പമുള്ളവർക്കായി 10 ടിഫിൻ ബോക്സുകൾ കൂടി അധികമായി കയ്യിൽ കരുതാനും അയാൾ മടിച്ചില്ല.
2011 മാർച്ച് 27 ന് ജനിച്ച വൈഭവ് 2024 ജനുവരിയിൽ വെറും 12 വയസും 284 ദിവസവും പ്രായമുള്ളപ്പോൾ ബിഹാറിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അണ്ടർ 19 മത്സരത്തിൽ കുട്ടി താരം 58 പന്തിൽ സെഞ്ച്വറി നേടി. 2024 ലെ SMAT ടൂർണമെന്റിൽ ബിഹാറിനായി T20 അരങ്ങേറ്റം കുറിച്ചു. 2024-25 ലെ ACC അണ്ടർ 19 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ കളിക്കാരനായിരുന്നു വൈഭവ്. ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് 176 റൺസ് താരം നേടി.
കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്‌ക്ക് വൈഭവ് രാജസ്ഥാനിലെത്തിയപ്പോൾ അത് ക്രിക്കറ് ലോകത്തെ ചർച്ചയായി മാറി. ഈ പതിനാലുകാരൻ പയ്യനുവേണ്ടി ഇത്രയധികം തുക കളയണോ എന്നായിരുന്നു ചിലരുടെയെങ്കിലും സംശയം. ഐപിഎൽ കരിയറിൽ നേരിട്ട ആദ്യപന്തുതന്നെ സിക്സർ പറത്തിതുടങ്ങിയ വൈഭവ് മൂന്ന് മത്സരങ്ങളിൽ നിന്ന് 75.50 ശരാശരിയിലും 222.05 സ്ട്രൈക്ക് റേറ്റിലും 151 റൺസ് നേടി അതിനുള്ള മറുപടിയും നൽകി.















