ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകള്‍ക്ക് നേരിയ ശമനമുണ്ടായതോടെ സ്വര്‍ണവിലയില്‍ താഴോട്ടിറക്കം തുടരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്ന്
റെക്കോഡിട്ട വില, ചൊവ്വാഴ്ച ഇന്ത്യന്‍ ബുള്ളിയന്‍ അസോസിയേഷന്റെ കണക്കനുസരിച്ച് 95,560 രൂപയായി കുറഞ്ഞു.
ആഗോളതലത്തിലും സ്വര്‍ണ്ണ വില ഏകദേശം 1% കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.8% കുറഞ്ഞ് ഔണ്‍സിന് 3,314.99 ഡോളറിലെത്തി. അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.7% കുറഞ്ഞ് 3,325.10 ഡോളറിലെത്തി. ആഗോള വിപണികളിലെ വ്യാപാര സംഘര്‍ഷങ്ങള്‍ കുറഞ്ഞുവരുന്നതാണ് സ്വര്‍ണ്ണ വിലയിലെ ഇടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
സ്വര്‍ണ്ണ വില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആഗോള വ്യാപാര സാഹചര്യങ്ങളിലെ പുരോഗതിയാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി മുന്‍നിര വ്യാപാര പങ്കാളികള്‍ യുഎസ് താരിഫ് ഒഴിവാക്കാന്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവെക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ചില യുഎസ് ഉല്‍പ്പന്നങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കാനുള്ള ചൈനയുടെ തീരുമാനം, താരിഫ് പിരിമുറുക്കം കുറയ്‌ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി കാണുന്നു.
വ്യാപാര സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും കുറയുമ്പോള്‍, നിക്ഷേപകര്‍ സ്വര്‍ണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിന്ന് അകന്നു മാറാനുള്ള പ്രവണത കാണിക്കുന്നത് സ്വാഭാവികമാണ്. ഇത് ഡിമാന്‍ഡ് കുറയ്‌ക്കുകയും വില കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. ആഗോള മാന്ദ്യവും ലോക വിപണികളിലെ അനിശ്ചിതത്വവും കാരണം സ്വര്‍ണ്ണ വില നേരത്തെ ഔണ്‍സിന് 3,500.05 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
ആഗോളതലത്തില്‍ നിക്ഷേപകര്‍ ഇപ്പോള്‍ മികച്ച വരുമാനത്തിനായി മറ്റ് ആസ്തികളിലേക്ക് നോക്കുകയാണ്. ഓഹരികളും കടപ്പത്രങ്ങളും മുതല്‍ ക്രിപ്‌റ്റോകറന്‍സികള്‍ വരെ ഈ നിരയിലുണ്ട്. ഇതാണ് ആഗോള, ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണ വില താഴ്‌ത്തിയിരിക്കുന്നത്.
കേരളത്തില്‍
ആഗോള തലത്തില്‍ വില കുറയുകയാണെങ്കിലും കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8980 രൂപയായി. പവന് 320 കൂടി 71,840 രൂപയിലെത്തി.















