ന്യൂഡൽഹി: അനുചിതമായ പ്രസ്താവന നടത്തി വീണ്ടും വെട്ടിലായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ “കാണാനില്ല” എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ രംഗത്തെത്തി. കോൺഗ്രസിന്റെ വെളിവില്ലാത്ത സമീപനത്തിനെതിരെ നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു.
എവിടെയും പോയിട്ടില്ല, അദ്ദേഹം ഡൽഹിയിലുണ്ട് എന്നായിരുന്നു ഇൻഡി മുന്നണിയിലെ പ്രധാന നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള കോൺഗ്രസിന് നൽകിയ മറുപടി. പ്രധാനമന്ത്രിക്ക് പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. അതിനുശേഷം അതു ചോദ്യം ചെയ്യരുത്. പ്രധാനമന്ത്രി വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ പക്കൽ കുറെ അണ്വായുധങ്ങളുണ്ടെന്ന പാകിസ്താന്റെ വീമ്പിളക്കലിനും അബ്ദുള്ള മറുപടി നൽകി. ന്യൂഡൽഹിയുടെ പക്കലും ആണവായുധങ്ങളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യ ആരെയും അങ്ങോട്ട് കയറി ആദ്യം ആക്രമിച്ചിട്ടില്ല. എല്ലായ്പ്പോഴും ആരംഭിച്ചത് പാകിസ്താനിൽ നിന്നാണ്. ഇന്ത്യ അതിനു മറുപടി നൽകുകയാണ് ചെയ്തതെന്നും അബ്ദുള്ള പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി മോദിയെ കാണാനില്ലെന്ന സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ കോൺഗ്രസ് പോസ്റ്റ് മുക്കി. അനവസരത്തിലുള്ള കോൺഗ്രസിന്റെ പോസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കിയിരുന്നു. ബിഎസ്പി നേതാവ് മായാവതിയും തങ്ങളുടെ നീരസം പ്രകടിപ്പിച്ചു. സഖ്യകക്ഷി നേതാക്കളിൽ നിന്ന് സമ്മർദ്ദമേറിയതോടെയാണ് പോസ്റ്റ് പിൻവലിക്കാൻ കോൺഗ്രസ് നിർബന്ധിതരായത്.