ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനുപിന്നാലെ ഇന്ത്യ ഏതുനിമിഷവും തിരിച്ചടിച്ചേക്കാമെന്ന ഭയത്തിൽ പാകിസ്താൻ. പ്രത്യാക്രമണം കനത്തതാകുമെന്ന പേടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്രസഭയെ സമീപിച്ചിരിക്കുകയാണ് പാകിസ്താൻ. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി സംസാരിക്കുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതായി പാകിസ്താൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താൻ മാറ്റ് മാർഗങ്ങളില്ലാതെ യുഎന്നിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്ത്യ-പാക് സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ യുഎൻ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് ഐക്യരാഷ്‌ട്രസഭയുടെ മദ്ധ്യസ്ഥത വാഗ്ദാനം ചെയ്യുകയും ചെയ്തു.
പാക് പ്രധാനമന്ത്രിക്ക് പിന്നാലെ ഭാരത്തിന്റെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും യുഎൻ ജനറൽ സെക്രട്ടറി ടെലിഫോണിലൂടെ ആശയവിനിമയം നടത്തിയതായാണ് സൂചന. ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ ആവർത്തിച്ചു. അതേസമയം ഭീകരാക്രമണത്തിനെതിരെ പാകിസ്താന് എപ്പോൾ തിരിച്ചടി നൽകണം, പ്രത്യാക്രമണം എങ്ങനെവേണം എന്നെല്ലാം തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്യം പ്രധാനമന്ത്രി സൈന്യത്തിന് നൽകി.