ന്യൂഡൽഹി: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്താൻ ശ്രമത്തെ തുടർന്ന് രാജ്യത്തെ സൈനിക സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം. ശ്രീനഗർ, റാണിഖേത് തുടങ്ങിയ രാജ്യത്തെ എല്ലാ സൈനിക സ്കൂളുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംശയാസ്പദമായി വരുന്ന കോളുകൾക്കോ, സന്ദേശങ്ങൾക്കോ മറുപടി നൽകരുതെന്നും അത്തരത്തിൽ വരുന്ന ഫോൺ കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് അധികൃതരുമായി പങ്കുവക്കണമെന്നും സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. സ്കൂൾ വെബ്‌സൈറ്റുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സൈനിക സംബന്ധമായ വിവരങ്ങൾ ആക്സസ് ചെയ്യാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ഡാറ്റാബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവ പാകിസ്താൻ ഹാക്കർമാർ ഹാക്ക് ചെയ്യാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം സൈബർ പ്രതിരോധം ശക്തിപ്പെടുത്തിയതയോടെ ഹാക്കിംഗ് ശ്രമം തടഞ്ഞു.















