ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയ്‌ക്ക് പകരം ടീമിനെ നയിച്ചത് സുനിൽ നരെയ്ൻ. ഫീൽഡിങ്ങിനിടെയാണ് രഹാനെയ്‌ക്ക് പരിക്കേറ്റത്. ആന്ദ്രെ റസ്സലിന്റെ പന്തിൽ ഫാഫ് ഡു പ്ലെസിയുടെ ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റതോടെ ഗ്രൗണ്ടിൽ നിന്നും പിൻവാങ്ങിയ താരത്തിന് പകരം പിന്നീട് ടീമിനെ നിയന്ത്രിച്ചത് സുനിൽ നരെയ്‌നായിരുന്നു. എന്നാൽ വൈസ്‌ക്യാപ്റ്റൻ വെങ്കിടേഷ് അയ്യാറാണെന്നിരിക്കെ ടീം മാനേജ്മെന്റിന്റെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഈ സീസണ് മുന്നോടിയായാണ് കൊൽക്കത്ത 23.75 കോടിക്ക് ടീമിലെടുത്ത വെങ്കിടേഷ് അയ്യരെ ടീം വൈസ്‌ക്യാപ്റ്റനായി നിയമിക്കുന്നത്. എന്നാൽ ടൂർണമെന്റിലുടനീളം അയ്യർ മോശം ഫോം തുടരുകയാണ്. ആദ്യ ഇന്നിംഗ്സിൽ അയ്യർ ഏഴ് റൺസുമാത്രമെടുത്തതോടെ , കെകെആർ താരത്തെ സബ് ഔട്ട് ചെയ്യാൻ തീരുമാനിച്ചു. പകരം പേസർ വൈഭവ് അറോറയെ ഇമ്പാക്ട് പ്ലേയർ ഓപ്ഷനാക്കി കളിയിലേക്ക് കൊണ്ടുവന്നു. വെങ്കിടേഷിന് മത്സരത്തിൽ തുടർന്ന് കളിക്കാൻ കഴിയില്ല എന്നുറപ്പായതോടെയാണ് കെകെആറിന് ക്യാപ്റ്റൻസി ഓപ്ഷനായി പരിചയ സമ്പന്നനായ വെറ്ററൻ സ്പിന്നർ സുനിൽ നരെയ്നെ ആശ്രയിക്കേണ്ടി വന്നത്. 2012 മുതൽ കൊൽക്കത്ത ടീമിന്റെ ഭാഗമാണ് നരെയ്ൻ.