വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂർത്തിയാകാത്ത വനവാസി യുവാവ് ഗോകുൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. യുവാവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.
യുവാവിന്റെ മരണത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഏപ്രിൽ ഒന്നിന് രാവിലെ എട്ട് മണിയോടെയാണ് ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായ വനവാസി പെൺകുട്ടിയെ ഗോകുലിനൊപ്പം കണ്ടെത്തിയ സംഭവത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ കസ്റ്റഡിയിൽ എടുക്കുമ്പോൾ യുവാവിന് 18 വയസ് പൂർത്തിയായിരുന്നില്ല. ഇത് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതുൾപ്പെടെയുള്ള പൊലീസ് നടപടികളിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.