ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹർജിക്കാരോട് സൈന്യത്തിന്റെ ആത്മവിശാസം തകർക്കുന്ന ഇത്തരം ഹർജികൾ സമർപ്പിക്കരുതെന്നും താക്കീത് നൽകി.
പഹൽഗാം ഭീകരാക്രമണത്തിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ഹർജി. എന്നാൽ ഹർജിക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നടത്തിയത്.
“ഇത്തരം പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യുന്നതിന് മുമ്പ് ഉത്തരവാദിത്തമുള്ളവരായിരിക്കുക. നിങ്ങളുടെ രാജ്യത്തോടും നിങ്ങൾക്ക് ചില കടമകളുണ്ട്. തീവ്രവാദത്തിനെതിരെ പോരാടാൻ ഓരോ ഇന്ത്യക്കാരനും കൈകോർത്ത നിർണായക സമയമാണിത്. സേനകളുടെ മനോവീര്യം തകർക്കരുത്,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു
ജഡ്ജിമാരുടെ ചുമതല തർക്കങ്ങളിൽ തീരുമാനമെടുക്കുകയാണെന്നും അന്വേഷണം നടത്തുകയല്ലെന്നും കോടതി പറഞ്ഞു. ഹർജിക്കാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി ശകാരിച്ചു. ജുഡീഷ്യൽ അന്വേഷണത്തോടൊപ്പം കാശ്മീരിലെത്തുന്ന ടൂറിസ്റ്റുകളുടെ സുരക്ഷ, കശ്മീരിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഹർജിയിലുണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. കോടതി രൂക്ഷ വിമർശനമുന്നയിച്ചതോടെ ഹർജിക്കാർ ഹർജി പിൻവലിക്കുകയും ചെയ്തു.















