കൊൽക്കത്ത: റെയിൽവേ സ്റ്റേഷനിൽ പാകിസ്താൻ പതാക സ്ഥാപിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിലാണ് പാക് പതാക കണ്ടെത്തിയത്.
അകൈപൂർ സ്വദേശികളായ ചന്ദൻ മലകർ, പ്രോഗ്യാജിത് എന്നിവരാണ് പിടിയിലായത്. ‘പാകിസ്താൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മുർദാബാദ്’ എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. പതാക കണ്ടെത്തിയതിന് പിന്നാലെ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.
പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാനായി പ്രതികൾ മനഃപൂർവ്വം ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ പ്രതിഷേധിച്ചാണ് പാക് പതാക സ്ഥാപിച്ചതെന്നാണ് കോടതിയിൽ ഹാജരാക്കിയ പ്രതികൾ പറഞ്ഞത്.