തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പോർട്ടിന്റെ നിർമാണത്തിൽ അദാനി ഗ്രൂപ്പ് മികച്ച പ്രവർത്തനങ്ങളാണ് ചെയ്തതെന്നും ഇത് ലോകത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും പിണറായി വിജയൻ പറഞ്ഞു.
“നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കരുത്താകുന്നത്. അഭിമാന നിമിഷമാണിത്. ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ബൃഹത് നിർമാണം നടക്കുന്നത്. 2028-ൽ എല്ലാ ഘട്ട നിർമാണങ്ങളും പൂർത്തിയാക്കും”.
രാജ്യത്തിന്റെ പ്രധാന പോർട്ടായി മാറുകയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറും. തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി. കേരളത്തിന്റെ സ്വപ്ന പദ്ധതിക്കായി എല്ലാവരും സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
8,686 കോടി ചെലവിൽ നിർമിച്ച വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടെ കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രി അക്കമിട്ടു പറഞ്ഞു. കേന്ദ്ര പദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കിയെന്നും മത്സ്യത്തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















