മലപ്പുറം: മലപ്പുറം എടപ്പാളിൽ വൻ എംഡിഎംഎ വേട്ട. 106 ഗ്രാം MDMA യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി കുമ്പളത്ത് വീട്ടിൽ കെ ഷാഫി (35)യെയാണ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റും ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്‍ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിലെത്തിയ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നാണ് ഇയാൾ എംഡിഎംഎ എത്തിച്ചത്. ഇടപാടുകാരടക്കം ലോഡ്ജിലെത്തി എംഡിഎംഐ വാങ്ങിയിരുന്നതായാണ് വിവരം. പ്രദേശത്തെ ലഹരിവസ്തുക്കളുടെ ചെറുകിട കച്ചവടക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യും.















