തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗ് നടക്കുന്ന വേദിയിലിരുന്നതിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ആക്ഷേപിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം ഉദ്ഘാടനത്തിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരിന്‍റെ ഔദാര്യത്തിലല്ലെന്നും കേന്ദ്ര സർക്കാർ നൽകിയ ലിസ്റ്റ് പ്രകാരമാണ് അദ്ദേഹം പങ്കെടുത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“മുഖ്യമന്ത്രിയുടെ മരുമകനായത് കൊണ്ട് ഒരാളെ വേദിയിൽ ഇരുത്താനാവില്ല. ആത്മരോക്ഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ ബിജെപിയോടോ രാജീവ് ചന്ദ്രശേഖറോടോ അല്ല. റിയാസ് പരാതി പറയേണ്ടത് അമ്മായി അച്ഛനോടാണ്. എസ്പിജിയുടെ നിർദേശം അനുസരിച്ച് പരിപാടിയിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് എത്തണമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് മാത്രമേ രാജീവ് ചന്ദ്രശേഖർ ചെയ്തിട്ടുള്ളൂ. യുഡിഎഫ് പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നും” കെ സുരേന്ദ്രൻ പറഞ്ഞു.
എല്ലാവരും വിഐപി ലോബിയിലേക്ക് പോയപ്പോൾ തന്റെ പ്രവർത്തകരെ കാണാനാണ് വേദിയിലേക്ക് കയറിയതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. താൻ നേരത്തെ വന്നതിലാണ് മുഹമ്മദ് റിയാസിന് സങ്കടം. ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രൊജക്ടറ്റാണ് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്തത്. അതിന്റെ ആവേശത്തിൽ പ്രവർത്തകർ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ താനും മുദ്രാവാക്യം വിളിച്ചു. ഇത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് വല്ലാത്തൊരു സൂക്കേടും സങ്കടവുമാണ്. വരുന്നകാലത്ത് റിയാസ് കൂടുതൽ സങ്കടപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.