ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും വെറുതെവിടില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ കടുത്തതും നിർണായകവുമായ നടപടി സ്വീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭീകരതയാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അംഗോളൻ പ്രസിഡന്റ് ജോവോ മാനുവൽ ഗോൺകാൾവ്സിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഞങ്ങൾ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. നീതിക്കായി ഭൂമിയുടെ ഏതറ്റംവരെയും പോകാൻ ഞങ്ങൾ തയാറാണ്. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി കിട്ടുന്നതിന് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും” പ്രധാനമന്ത്രി പറഞ്ഞു.
അംഗോളൻ പ്രസിഡന്റ് ജോവോ മാനുവലുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിന് ഡിജിറ്റൽ മേഖല ഉൾപ്പെടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഇരുനേതാക്കളും ചർച്ച നടത്തി.
ജോവോ മാനുവലിന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.