ജയ്പൂർ: പാകിസ്താന്റെ അർദ്ധസൈനികൻ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാക് റേഞ്ചറെ പിടികൂടിയത്. അതിർത്തിയിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന പാക് ജവാനെ കണ്ടെത്തിയത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.
അബദ്ധത്തിൽ അതിർത്തി കടന്നതിന് ബിഎസ്എഫ് ഉദ്യോഗസ്ഥനെ പാക് സൈന്യം പിടികൂടിയിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഉദ്യോഗസ്ഥനെ പാക് സൈന്യം വിട്ടയച്ചില്ല. വിഷയത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിക്കുകയും പാകിസ്താന് ഔദ്യോഗിക കുറിപ്പ് അയയ്‌ക്കുകയും ചെയ്തു. വിഷയത്തിൽ നിരവധി ഫ്ലാഗ് മീറ്റിംഗുകളും നടന്നു. എന്നാൽ ജവാൻ എവിടെയാണെന്നതിനെ കുറിച്ചോ അദ്ദേഹത്തെ വിട്ടുനൽകുന്നതിനെ കുറിച്ചോ പ്രതികരിക്കാൻ പാക് സൈന്യം തയാറായില്ല. ഇതിനിടെയാണ് ഇന്ത്യയ്‌ക്ക് തുറുപ്പുചീട്ടെന്നോണം ജവാനെ ബിഎസ്എഫിന്റെ പിടിയിലായത്.
പാക് സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പുണ്ട്.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനും കൂടുതൽ ജാഗ്രത പാലിക്കാനും ജവാൻമാരോട് ആവശ്യപ്പെട്ടു. അതിർത്തിയിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന കർഷകരോടും ജാഗ്രതാ നിർദേശം നൽകി.















