തൃശൂർ: മെയ് ആറിന് നടക്കുന്ന തൃശൂർപൂരത്തോടനുബന്ധിച്ച് ഇന്ന് സാമ്പിൾ വെട്ടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക തിരുവമ്പാടി ആയിരിക്കും. തിരുവമ്പാടി, പാറമേക്കാവ്‍ ദേവസ്വങ്ങളുടെ ചമയപ്രദർശനങ്ങളും ഇന്ന് ആരംഭിക്കും.
രാവിലെ ഒമ്പത് മണിക്കാണ് ചമയപ്രദർശനം ആരംഭിക്കുന്നത്. പാറമേക്കാവിന്റെ ചമയപ്രദർശനം ദേവസ്വം അഗ്രശാലയിൽ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മേയർ എം കെ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തിരുവമ്പാടിയുടെ ചമയപ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് നടക്കുക.
ആറിന് നടക്കുന്ന പൂരത്തിനായി തൃശൂർ നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ 18 ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 4,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിക്കുക.
തിരക്കുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. പാർട്ടിപതാകകളും ചിഹ്നങ്ങളും പൂരപ്പറമ്പിലേക്ക് കൊണ്ടുപോകരുതെന്ന് കർശന നിർദേശവുമുണ്ട്. കൂടാതെ കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.